ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു.
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളമെത്തിക്കുന്ന പെൻ സ്റ്റോക്കുകളിലൊന്നിന് മുകളിലാണ് കാർ വീണത്. ഒരു കുട്ടിയടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാനിൽ ഉണ്ടായിരുന്ന ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ എന്ന 7 വയസുകാരൻ തെറിച്ച് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഈ സമയം അതുവഴി കടന്നുപോയ വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം കുമളി പൊലീസിനെ അറിയിക്കുകയും ചെയ്തു. ഉടൻ കുമളി സി.ഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും തമിഴ്നാട് പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഗുരുതരമായി പരിക്കേറ്റ രണ്ട് തീർത്ഥാടകരെ ഉടൻ തന്നെ കമ്പത്തുള്ള ആശുപത്രിയിൽ എത്തിച്ച ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൈപ്പിന് മുകളിൽ മറിഞ്ഞ് കിടന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.