മുംബൈ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയ കേരള ടീം അംഗം മരിച്ചു. ഛർദ്ദിയെ തുടർന്ന് പത്ത് വയസ്സുകാരിയായ നിദ ഫാത്തിമ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ വച്ച് കുത്തിവയ്പ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നില വഷളായ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ നിദ ഉൾപ്പെടെയുള്ള കേരള താരങ്ങൾ കടുത്ത അനീതിയാണ് നേരിട്ടതെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദ ഉൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ, ദേശീയ ഫെഡറേഷൻ ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ നൽകിയില്ല.
രണ്ട് ദിവസം മുമ്പ് നാഗ്പൂരിലെത്തിയ സംഘം താൽക്കാലിക സൗകര്യങ്ങളിലാണ് താമസിച്ചിരുന്നത്. കോടതി ഉത്തരവ് മത്സരിക്കാൻ മാത്രമാണെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. കുട്ടി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.