ന്യൂഡൽഹി: സാഹിത്യകാരൻ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി വാസുദേവൻ നായർ ഈ അംഗീകാരം മുമ്പ് ലഭിച്ച മലയാളി എഴുത്തുകാരനാണ്. എം.തോമസ് മാത്യുവിന് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘അസന്തേ സീതായനം’ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം ലഭിച്ചത്. ചാത്തനാത്ത് അച്യുതനുണ്ണിക്ക് വിവർത്തനത്തിനുള്ള അക്കാദമി അവാർഡ് ലഭിച്ചു. കെ പി രാമനുണ്ണി, എസ് മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
നോവലിസ്റ്റും ചെറുകഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ സി.രാധാകൃഷ്ണൻ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്ത് ജനിച്ചു. 1961 ൽ കൊടൈക്കനാൽ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിൽ ശാസ്ത്രജ്ഞനായി ചേർന്ന അദ്ദേഹം 1965 ൽ കാലാവസ്ഥാ വകുപ്പിന്റെ പൂനെ ഓഫീസിൽ നിന്ന് രാജിവച്ച് ‘സയൻസ് ടുഡേ’യിൽ ചേർന്നു. ലിങ്ക് ന്യൂസ്പേപ്പർ ആൻഡ് പാട്രിയറ്റ് ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ, വീക്ഷണം ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചാർജ്, ഭാഷാപോഷിണി, മനോരമ ഇയർബുക്ക് എന്നിവയുടെ എഡിറ്റർ ഇൻ ചാർജ്, മാധ്യമം ആഴ്ചപ്പതിപ്പിന്റെ മീഡിയ കൺസൾട്ടന്റ്, ലിറ്റററി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.