കോട്ടയം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ നടത്തുന്ന സമരം രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളുടെ പരാതികൾ അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. സമരം നീണ്ടതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ 16 ദിവസമായി സാംസ്കാരിക കേന്ദ്രമായ അക്ഷരനഗരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലാണ് ജാതി വിവേചനത്തിനെതിരെ കുട്ടികൾ മുദ്രാവാക്യം മുഴക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാട്ടിയെന്ന് വിദ്യാർത്ഥികൾ മാത്രമല്ല പരാതിപ്പെടുന്നത്. സ്ഥാപനത്തിലെ ജീവനക്കാർക്കും ഇതേ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ ശുചിമുറികൾ കഴുകാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്ന് പരാതിയിൽ പറയുന്നു. വനിതാ ജീവനക്കാർ കുളിച്ചു വസ്ത്രം മാറിയ ശേഷമേ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗുരുതരമായ പരാതി ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാത്രം വിശ്വാസമില്ല.