മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന 14ാമത് വാർഷിക അന്താരാഷ്ട്ര കോൺഫറൻസ് ഡിസംബർ 9 , 10 തീയതികളിൽ ഡിപ്ലോമാറ്റ് റാഡിസൺ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേഖലയിൽനിന്നും ഇന്ത്യ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള 300ലധികം ചാർട്ടേഡ് അക്കൗണ്ടന്റുമാർ കോൺഫറൻസിൽ പങ്കെടുക്കും. പ്രശസ്ത സ്ഥാപനങ്ങളുടെ സി.ഇ.ഒമാർ, സി.എഫ്.ഒമാർ, സി.ഒ.ഒമാർ, സംരംഭകരായി മാറിയ ധനകാര്യ വിദഗ്ധർ തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുക്കും.
‘പുതിയ ചക്രവാളം മാടിവിളിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര ഉപരിതല, ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഓൺലൈനിൽ അഭിസംബോധന ചെയ്ത് സംസാരിക്കും. ഐ.സി.എ.ഐ പ്രസിഡന്റ് ഡോ. ദേബാശിഷ് മിത്ര, വൈസ് പ്രസിഡന്റ് അനികേത് തലാത്തി, മാരുതി സുസുക്കി ഇന്ത്യ സി.എഫ്.ഒ അജയ് സേഥ്, ഐ.എം.എഫ് മുൻ ഉപദേഷ്ടാവ് ഡോ. നരേന്ദ്ര യാദവ്, ജെറ്റ്സെറ്റ്ഗോ സി.ഇ.ഒ കനിക തക്രിവാൾ എന്നിവരാണ് കോൺഫറൻസിൽ പ്രഭാഷണം നടത്തുന്ന മറ്റ് പ്രമുഖർ. സെലിബ്രിറ്റി ടി.വി താരവും മോട്ടിവേഷനൽ സ്പീക്കറും ക്ലാസിക്കൽ ഡാൻസറുമായ സുധ ചന്ദ്രൻ, പത്മശ്രീ മനോജ് ജോഷി എന്നിവരും പങ്കെടുക്കും.
ഇത്തവണ 17 പ്രശസ്തരായ പ്രഭാഷകരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതെന്ന് ബഹ്റൈൻ ചാപ്റ്റർ ചെയർപേഴ്സൻ ഷർമിള സേഠ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോർപറേറ്റ് തട്ടിപ്പുകളും പാളിച്ചകളും, ഭരണതലത്തിലുള്ള അവയുടെ പ്രത്യാഘാതം, സ്വകാര്യതയിലും സൈബർ സുരക്ഷയിലുമുള്ള ആശങ്ക, ഓഡിറ്റർമാരും അക്കൗണ്ടന്റുമാരും തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രഭാഷണങ്ങളുണ്ടാകും. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരുടെ അനുഭവ സാക്ഷ്യങ്ങളും കോൺഫറൻസിന്റെ സവിശേഷതയാണ്.
ഉദ്ഘാടന ചടങ്ങിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അനാലിസിസ് ആൻഡ് ഇക്കണോമിക് ഇൻഫർമേഷൻ അധ്യക്ഷ ദുആ അബ്ദുല്ല അൽമുഅല്ലിം, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, കെ.പി.എം.ജി ബഹ്റൈൻ മാനേജിങ് പാർട്ണർ ജമാൽ ഫക്രൂ, ബഹ്റൈൻ അക്കൗണ്ടന്റ്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് അലി രാധി തുടങ്ങിയവർ പങ്കെടുക്കും.