മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ മഹാവിജയമാക്കിയ മുഴുവൻ രക്ഷകർത്താക്കളോടും അധ്യാപക വിദ്യാർത്ഥി സമൂഹത്തോടും പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് (പി.പി.എ) നന്ദി രേഖപെടുത്തി. ഈ മഹാവിജയം സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹം ഇന്നും ഇവിടെ ശക്തമായി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്. ഈ ഫെയറിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും അർഹതപ്പെട്ട വിദ്യാർഥികൾക്കും അധ്യാപക-അന അധ്യാപക സമൂഹത്തിനും എത്തിച്ചേരുമെന്ന് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പി. പി.എയുടെ പേരിൽ രക്ഷാകർത്തൃ സമൂഹത്തിന് ഉറപ്പ് നൽകുന്നു.
മിഡിൽ ഈസ്റ്റിൽ തന്നെ ഏറ്റവും കുറവ് ഫീസ് ഇടാക്കി പ്രവർത്തിക്കുതും വിദ്യാഭ്യാസരംഗത്തും കലാ-കായിക രംഗത്തും ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നതുമായ ഇന്ത്യൻ സ്കൂളിലെ വിവിധ കാരണങ്ങളാൽ ജീവിത പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്കും അധ്യാപക-അന അധ്യാപക സമൂഹത്തിനുമാണ് ഒരു ദിനാർ പോലും ദുർവ്യയം ചെയപ്പെടാതെ ഫെയറിൽ നിന്നുള്ള ഗുണഫലം ലഭിക്കുക. ഫെയറിന്റെ പ്രഖ്യാപനം മുതലുള്ള ഓരോഘട്ടത്തിലും ജനറൽ കൺവീനർ പി.കെ ഷാനവാസിന്റെ നേതൃത്വത്തിലുള്ള ഫെയർ കമ്മറ്റിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം തരണം ചെയുവാൻ കഴിഞ്ഞത് സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ സത്യസന്ധമായ നിലപാടുകളും ഇസാ ടൗൺ ക്യാമ്പസ് പ്രിൻസിൽപ്പൽ വി. ആർ പളനിസ്വാമിയുടെയും റിഫ ക്യാമ്പസ് പ്രിൻസിപ്പാൾ പമേല സേവ്യറിന്റെയും നേതൃത്വത്തിലുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ പിന്തുണയുമാണ്.
വിവിധ സർക്കാർ ഏജൻസികളുടെ പ്രശ്ങ്ങളോടുള്ള യാഥാർഥ്യ ബോധത്തോടെയുള്ള സമീപനവും മാധ്യമങ്ങളുടെ പിന്തുണയും ജേക്കബ് വർഗീസിനെപ്പോലുള്ള പോലുള്ള അഭ്യൂദയകാംഷികളുടെ സഹായവും ഫെയറിന്റെ ഇവന്റ് പങ്കാളിയായ സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കലിന്റെ പ്രതിസന്ധികളിൽ തളരാത്തതുമായ നിലപാടുകളുമാണ്. ഫെയർ വിജയിപ്പിക്കുവാൻ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയ നൂറുകണക്കിന് പി പി എ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനം എടുത്തുപറയേണ്ടതും അഭിനന്ദനാർഹവുമാണ്. എല്ലാറ്റിനും ഉപരിയായി ഫെയറിന്റെ പ്രസക്തി മനസിലാക്കി അത് വിജയിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന കാഴ്ചപ്പാടോടെ സഹകരിച്ച ആയിക്കകണക്കിന് വരുന്ന രക്ഷകർത്താക്കളുടെയും ബഹ്റിനിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനയിലെ നേതാക്കളും പ്രവർത്തകരും അടക്കമുള്ള സമൂഹത്തിന്റെ പിന്തുണയും ആണ് ഫെയറിന്റെ വിജയത്തിന്റെ പ്രധാന ഘടകം. അതുപോലെ വാഹന സൗകര്യം തന്ന നാഷണൽ ട്രാൻസ്പോർട്ട് കമ്പനി, ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയ നല്ലവരായ സ്പോൺസർമാർ, സ്റ്റാൾ എടുത്ത് നടത്തിയവർ, പാർക്കിങ്ങിനായി സ്ഥലം അനുവദിച്ച നാഷണൽ സ്റ്റേഡിയം, സേക്രട്ട് ഹാർട്ട് സ്കൂൾ മാനേജ്മെന്റ് ഉൾപ്പെടെയുള്ളവരോടും നന്ദി രേഖപെടുത്തുവാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഈ ഫെയറിനോട് നിസ്സഹകരിച്ച കുറച്ചാളുകൾ ഉണ്ട്. പലരീതിയിൽ കുറ്റപെടുത്തിയവർ ഉണ്ട്. അവരോടൊന്നും മറുപടി പറയുകയെന്നതോ പ്രതികാര നിലപാടോ പി.പി.എയുടെ ഉദ്ദേശ്യം അല്ല. അവർക്കുള്ള മറുപടിയാണ് ഫെയറിന്റെ മഹാവിജയം. എന്നാൽ ഒന്ന് ഓർമിപ്പിക്കുന്നു “ചുവരുണ്ടെങ്കിലെ ചിത്രം എഴുതുവാൻ കഴിയു”. രാഷ്ട്രീയ വിരോധം വെച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ എന്ന മഹാ പ്രസ്ഥാനത്തെ തകർക്കുവാൻ ശ്രമിക്കുന്നവർ ഓർക്കേണ്ടത് നിരവധിയായ പൂർവ്വസൂരികൾ വലിയ ഉത്തവാദിത്വം ഏറ്റെടുത്തു പടുത്തുയർത്തിയതാണ് ഈ മഹാപ്രസ്ഥാനം എന്നതാണ്. ഇത് ഒരു കേടും കൂടാതെ ഭാവി തലമുറക്ക് കൈമാറേണ്ട ചുമതലയുള്ള കേവലം നോട്ടക്കാർ മാത്രമാണ് നമ്മൾ. ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തെ തകർക്കുവാൻ നോക്കിയവരെ തിരച്ചറിയുവാനും ഒറ്റപ്പെടുത്തുവാനും അഭ്യസ്ഥവിദ്യരായ ഭാതീയ സമൂഹത്തിന് കഴിയും. ഈ ഫെയറിനെ മഹാവിജയമാക്കിയ മുഴുവൻ ഇന്ത്യൻ സ്കൂൾ അഭ്യൂദയ കാംഷികൾക്കും ഒരിക്കൽ കൂടി നന്ദി രേഖപെടുത്തുന്നതായി പി.പി.എ പേട്രൻ മുഹമ്മദ് ഹുസൈൻ മാലിം കൺവീനറും ഫെയർ സംഘാടക സമിതി ജനറൽ കോഡിനേറ്ററുമായ വിപിൻ പി.എം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.