മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ മെഗാ മേളയിൽ പങ്കെടുക്കാനായി പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായകർ ബഹ്റൈനിലെത്തിതുടങ്ങി. സച്ചിൻ വാര്യർ, മൃദുല വാര്യർ, അബ്ദുൾ സമദ്, വിഷ്ണു എന്നിവരെ സംഘാടകർ എയർപോർട്ടിൽ സ്വീകരിച്ചു. നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് താരങ്ങൾ എത്തിയത്. 24ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ, ആവണി, വിഷ്ണു ശിവ, അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ ഉൾപ്പെടും.
25നു ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്കൂളിലും ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്. സ്കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.