മനാമ: പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളുടെ രണ്ടാം ഘട്ട വോട്ടെടുപ്പ് ബഹ്റൈനിലുടനീളം നടന്നു. നാല് ഗവർണറേറ്റുകളിലെയും വോട്ടർമാരെ പോളിംഗ് കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. 34 പാർലമെന്റ് മണ്ഡലങ്ങളിലും 24 മുനിസിപ്പൽ മണ്ഡലങ്ങളിലും രാവിലെ എട്ട് മുതൽ വൈകീട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് നടന്നത്.
നവംബർ 12ന് നടന്ന ആദ്യ റൗണ്ടിൽ ആറ് പാർലമെന്റ് സ്ഥാനാർഥികളും ഏഴ് മുനിസിപ്പൽ സ്ഥാനാർഥികളും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 73 ശതമാനം വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ആരും 50 ശതമാനം വോട്ട് നേടാത്ത നിയോജക മണ്ഡലങ്ങളിലെ ആദ്യ രണ്ട് സ്ഥാനാർഥികൾ തമ്മിലാണ് റൺ ഓഫ് ഇലക്ഷനിൽ മത്സരിക്കുന്നത്. അതനുസരിച്ച്, 80 സ്ഥാനാർത്ഥികളാണ് ഇന്ന് തീരുമാനത്തിനായി കാത്തിരിക്കുന്നത്. അതിൽ 34 സ്ഥാനാർത്ഥികൾ പാർലമെന്റിലേക്കും 46 സ്ഥാനാർത്ഥികൾ മുനിസിപ്പാലിറ്റി സീറ്റുകളിലേക്കുമാണ് മത്സരിക്കുന്നത്.
വനിതാ വോട്ടർമാരുടെ സജീവ പങ്കാളിത്തം പ്രകടമായിരുന്ന ആദ്യ റൗണ്ടിൽ വനിതാ വോട്ടർമാരിൽ 48 ശതമാനം വോട്ട് രേഖപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 73 പേരും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 22 പേരും ഉൾപ്പെടെ 95 വനിത സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ രണ്ട് സ്ത്രീകൾ മാത്രമാണ് ആദ്യ റൗണ്ടിൽ വിജയം നേടിയത്. ഒരാൾ പാർലമെന്റിലേക്കും മറ്റൊരാൾ മുനിസിപ്പൽ കൗൺസിലിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിദേശത്തുള്ള 37 നയതന്ത്ര കേന്ദ്രങ്ങളിൽ ബഹ്റൈൻ പൗരന്മാർ റൺ ഓഫ് തിരഞ്ഞെടുപ്പിനായി ഇതിനകം വോട്ട് ചെയ്തു. രണ്ട് ഫലങ്ങളും യോജിപ്പിച്ച് തിരഞ്ഞെടുപ്പ് അധികാരികൾ ഇന്ന് വിജയികളെ തീരുമാനിക്കും.