മനാമ: ബഹറിനിൽ ഇന്ന് 52 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 39 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,293 ആയി. ഇന്ന് 163 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,916 ആയി ഉയർന്നു.
രാജ്യത്ത് കോവിഡ് – 19 പരിശോധനയ്ക്കായി ലാബ് ശേഷി വർദ്ധിപ്പിക്കുകയും പരിശോധനകൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3000 പേരെ പരിശോധിച്ചതിൽ നിന്നാണ് 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 2,85,373 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 1500 ഡോക്ടർമാരെയും നഴ്സുമാരെയും ഇതിനായി ഇതുവരെ പരിശീലിപ്പിച്ചിട്ടുണ്ട്. മൂന്ന് പ്രവാസി തൊഴിലാളികൾ അടക്കം 14 പേരാണ് ബഹറിനിൽ മരണമടഞ്ഞത്. ജിസിസി യിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് ബഹറിനിൽ ഉള്ളത്.