മനാമ: രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്’ എന്നപേരിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിന് തുടക്കമായി. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ്, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ്, സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലധികം മതനേതാക്കൾ പങ്കെടുത്തു. യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി മാനവികതയെ സേവിക്കുന്നതിൽ ബഹ്റൈന്റെ പങ്ക് പ്രതിഫലിപ്പിക്കുന്നതാണ് ബഹ്റൈൻ ഫോറം. നവംബർ 3-4 തീയതികളിൽ നടക്കുന്ന പരിപാടിയിൽ ആഗോള സഹവർത്തിത്വത്തിന്റെയും മനുഷ്യ സാഹോദര്യത്തിന്റെയും പ്രോത്സാഹനം, സംവാദം, സമാധാനപരമായ സഹവർത്തിത്വം എന്നിവ ഉയർത്തിക്കാട്ടുന്ന സെഷനുകളും അവതരിപ്പിക്കും. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മതനേതാക്കളുടെയും പണ്ഡിതന്മാരുടെയും പങ്ക് എന്നിവയും സെഷനുകൾ അവലോകനം ചെയ്യും. ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചാണ് രാജാവിന്റെ നേതൃത്വത്തിൽ ഫോറം നടക്കുന്നത്.