മനാമ: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ആഗോള കാതോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിലെത്തി. രാജ്യത്ത് ആദ്യമായി സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയ്ക്ക് രാജകീയമായ സ്വീകരണമാണ് ബഹ്റൈൻ ഒരുക്കിയത്. ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം 4:45-ഓടെ സഖീർ എയർ ബേസിൽ എത്തിയ മാർപ്പാപ്പയെ വലിയ ആവേശത്തോടെയാണ് ബഹ്റൈൻ സ്വീകരിച്ചത്. തുടർന്ന് സഖീർ പാലസിൽ എത്തിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈൻ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്ര സേന എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സഖീർ പാലസ് മുറ്റത്ത് മാർപ്പാപ്പയ്ക്ക് രാജകീയമായ സ്വീകരണമാണ് നൽകിയത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 2013 മാർച്ചിൽ മാർപാപ്പയായി ചുമതലയേറ്റ ശേഷം മാർപാപ്പ നടത്തിയ സന്ദർശന പരമ്പരയിലെ ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്രതലത്തിൽ 58-ാമത്തെ രാജ്യവുമാണ് ബഹ്റൈൻ. ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം “ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം ” എന്നതാണ്.
കിഴക്കും-പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന് എന്ന വിഷയത്തിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഈ നാലു ദിവസങ്ങളിലായി ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. പൊതു ജനങ്ങൾക്ക് പങ്കെടുക്കാവുന്ന ഒരു ദിവ്യബലിയും ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ അർപ്പിക്കും. മാർപാപ്പയുടെ ബഹ്റൈൻ പര്യടനം നവംബർ ആറു വരെ തുടരും.