കോഴിക്കോട്: റാഗിംഗിനെ തുടർന്ന് നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം സ്വദേശിയായ നിഹാൽ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മർദ്ദനത്തെ തുടർന്ന് തകർന്നത്. ഒക്ടോബർ 26നാണ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ നിഹാൽ ഹമീദിന് സീനിയർ വിദ്യാർഥികളുടെ മർദ്ദനമേറ്റത്.
സെക്യൂരിറ്റിക്ക് മുന്നിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഷർട്ടിന്റെ ബട്ടൺ ധരിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനെ തുടർന്ന് വാക്കേറ്റവും മർദ്ദനവും ഉണ്ടായി. നിഹാലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.
ചെവിക്കേറ്റ പരിക്കിന് പുറമെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിഹാലിന് പരിക്കേറ്റിട്ടുണ്ട്. എട്ടോളം പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇവർക്കെതിരെ നടപടി സ്വീകരിച്ചതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.