ആയിരക്കണക്കിന് ചുവന്ന ഞണ്ടുകൾ ഒരുമിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ. അത്തരമൊരു കാഴ്ച്ച ക്രിസ്മസ് ദ്വീപിൽ കാണാം. പ്രജനനത്തിനായി കാടിറങ്ങി സമുദ്രത്തിലേക്ക് യാത്ര ചെയ്യുകയാണിവ.
റിപ്പോർട്ടുകൾ പ്രകാരം, 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകൾ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരിക്കുന്നു. ഇത് ഈ വർഷത്തെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു.
ശനിയാഴ്ച പെയ്ത കനത്ത മഴയോടെയാണ് ഞണ്ടുകളുടെ ഈ കുടിയേറ്റം ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഞണ്ടുകൾ ഇതിനകം തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടെന്ന് ക്രിസ്മസ് ദ്വീപിലെ പ്രാദേശിക ഇനങ്ങളുടെ മാനേജർ ഡെറെക് ബാൾ പറയുന്നു. “ഞണ്ടുകൾ ഇതുപോലെ യാത്ര തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. എന്നിരുന്നാലും, നിരവധി ഞണ്ടുകൾ ഇതിനകം തന്നെ നീങ്ങിക്കഴിഞ്ഞു. ഇതിൽ നിന്ന് മനസ്സിലാവുന്നത് ഇത് ഒരു വലിയ കുടിയേറ്റമായിരിക്കും എന്നാണ്” ഡെറെക് പറഞ്ഞു.