തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ 15.5 ലക്ഷം രൂപയാണ് നൽകുന്നത്. നിയമസെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാനാണ് ഫീസ്. ഇ.ഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
എതിർ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജിക്കെതിരെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ജൂലൈയിൽ ഇഡി ആവശ്യപ്പെട്ടിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരാണ് ഇഡി സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ എതിർ കക്ഷികൾ.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിൽ കക്ഷിയാകാൻ സർക്കാർ അപേക്ഷ നൽകിയിരുന്നു. വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റിയതിന് സാധുവായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സംസ്ഥാനം ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണത്തെ ബാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.