ന്യൂഡല്‍ഹി: വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി പുത്തൻ പദ്ധതികൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. വൈദ്യുതിയും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഇളവുകൾ മുതൽ കഫേ (Corporate Average Fuel Economy) മാനദണ്ഡങ്ങൾ വരെ, പദ്ധതിയുടെ ഭാഗമാണ്. വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനായി സ്റ്റാർ റേറ്റിംഗ് അവതരിപ്പിക്കും.
റോളിംഗ് റെസിസ്റ്റൻസ്, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് (വെറ്റ് ഗ്രിപ്പ്), ശബ്ദ മലിനീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ റോഡിൽ ഓടുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകാനുള്ള നീക്കമാണിത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) നൽകുന്ന സ്റ്റാർ റേറ്റിംഗ് ഫ്രിഡ്ജിലും എസിയിലും കാണപ്പെടാറുണ്ട്. ഒന്ന് മുതൽ അഞ്ച് വരെയുള്ള സംഖ്യകൾ ആ ഉപകരണത്തിന്റെ ഊർജ്ജ കാര്യക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ, ടയറുകളുടെ റേറ്റിംഗ് വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവിനെ സൂചിപ്പിക്കും.