ന്യൂഡൽഹി: കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവ്. എൻ.ഐ.എ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. 23ന് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളിലൊരാളുടെ ഐഎസ് ബന്ധത്തെയും ചാവേറാക്രമണം നടന്നുവെന്ന സംശയത്തെയും സാധൂകരിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. എൻഐഎ സംഘം കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബീന്റെ ബന്ധു അഫ്സ്ഖർ ഖാൻ അറസ്റ്റിലായി. ഓൺലൈനിൽ സ്ഫോടക വസ്തുക്കൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ്പ് അഫ്സ്ഖർ ഖാന്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 76.5 കിലോ സ്ഫോടക വസ്തു ചേരുവകൾ ഓൺലൈനായി വാങ്ങിയതാണെന്നാണ് വിവരം. ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉക്കടം എച്ച്.എം.പി.ആർ സ്ട്രീറ്റിൽ താമസിക്കുന്ന ജമേഷ മുബിൻ (29) ആണ് ഞായറാഴ്ച പുലർച്ചെ ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. മരിച്ച ജമേഷ മുബിനെയും ചില പ്രതികളെയും 2019ൽ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.