മൂന്നാര്‍: ഇടമലക്കുടിയുടെ ചികിത്സാ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സ തേടി കാടും മേടും താണ്ടേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങൾക്ക് മരുന്ന് ക്ഷാമം മൂലം ചികിത്സ നൽകാൻ കഴിയുന്നില്ലെന്നാണ് ഇടമലക്കുടി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെ പരാതി. പനി ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് ചികിത്സ തേടുന്നവർക്ക് നൽകുന്ന ഒരേയൊരു മരുന്ന് പാരസറ്റാമോൾ ആണ്.
ആന്റിബയോട്ടിക്കുകൾ ലഭ്യമല്ലാത്തതിനാൽ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികൾക്കുള്ള ആന്റിബയോട്ടിക് സിറപ്പുകൾ പോലും ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ല. നിലവിൽ, പ്രഷർ, ഷുഗർ, പനി എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമായിട്ടുള്ളത്. കുടിയിൽ നിന്ന് വരുന്ന രോഗികൾക്ക് വിശദമായ ചികിത്സ നൽകാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു.
അടിക്കടിയുള്ള വൈദ്യുതി മുടക്കവും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിന് തിരിച്ചടിയാണ്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് മതിയായ താമസസൗകര്യവും സർക്കാർ ഒരുക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, വിദൂര ഗ്രാമങ്ങളിൽ നിന്ന് വരുന്നവർക്ക് ശരിയായ ചികിത്സ നൽകാൻ കഴിയില്ല. ഇതോടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.