പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗം, ഡ്വാർഫിസം, ആസിഡ് ആക്രമണത്തിന് ഇരയായവർ എന്നിവരുൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും ഇനി മുതൽ ബസുകളിൽ യാത്രാ ചാർജ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവാണെങ്കിലും ഇവരുടെ യാത്രാക്ലേശം കണക്കിലെടുത്താണ് നടപടി. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.