ബ്രസീലിയ: ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ നുബിയ ക്രിസ്റ്റീന ബ്രാഗ (23)യെ അജ്ഞാതർ വെടിവെച്ച് കൊന്നു. ഒക്ടോബർ 14ന് രാത്രിയാണ് നുബിയ ക്രിസ്റ്റീനയെ ബ്രസീലിലെ സെർഗിപെയിലെ അറകാജുവിലെ സാന്താ മരിയയ്ക്ക് സമീപമുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രസീലിലെ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ക്രിസ്റ്റീനയ്ക്ക് ഏകദേശം 60,000 ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ട്.
ഒക്ടോബർ 14 ന് രാത്രി സലൂണിൽ പോയി വന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. മോട്ടോർ സൈക്കിളിൽ വന്ന അക്രമികൾ മുൻവശത്തെ ഗേറ്റ് വഴിയാണ് വീട്ടുവളപ്പിൽ പ്രവേശിച്ചതെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നുബിയയ്ക്ക് നേരെ വെടിയുതിർത്ത ശേഷം മുഖംമൂടി ധരിച്ച അക്രമികൾ മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രാത്രി 9 മണിയോടെ പൊലീസ് എത്തുമ്പോൾ നുബിയ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
അക്രമികളെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നുബിയ ക്രിസ്റ്റീനയ്ക്ക് ഭീഷണി ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.