കൊച്ചി: ഇലന്തൂർ നരഹത്യക്കേസിലെ പ്രതികളെ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ് ക്ലബിലെത്തിച്ചത്. തുടർന്ന് മൂന്ന് പ്രതികളെയും പതിവ് പരിശോധനകൾക്കായി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് ഫൊറൻസിക് വിഭാഗത്തിൽ പ്രതികളെ വിശദമായ ശരീര പരിശോധനയ്ക്കായി എത്തിച്ചിരിക്കുന്നത്.
മൂന്ന് പ്രതികൾക്കും മൂന്ന് ദിവസം കൂടുമ്പോൾ ആരോഗ്യ പരിശോധന നടത്തണമെന്ന കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. മുഖ്യപ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് എന്നിവരെ മാത്രമാണ് വാഹനത്തിൽ നിന്ന് ഇറക്കി ഫോറൻസിക് വിഭാഗത്തിലേക്ക് കൊണ്ടുപോയത്. പ്രതികൾ ലൈംഗിക വൈകൃതത്തിന് അടിമകളായതിനാൽ ഇക്കാര്യത്തിൽ പൊലീസിന് തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്.
ശാരീരിക പരിശോധന പൂർത്തിയായാൽ മൂവരെയും പൊലീസ് ക്ലബിലേക്ക് കൊണ്ടുപോകും. കൂടുതൽ വിവരശേഖരണത്തിനായി ചോദ്യം ചെയ്യൽ തുടരും. എന്നാൽ പ്രതികൾ, പ്രത്യേകിച്ച് മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. 24ന് പ്രതികളെ കോടതിയിൽ തിരികെ കൊണ്ടുവരുന്നതിന് മുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.