തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ദയാബായിക്ക് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. ഇന്നലെ സമര സംഘാടകരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ട് മന്ത്രിമാരും കൈക്കൊണ്ട തീരുമാനങ്ങൾ രേഖാമൂലം ദയാബായിക്ക് കൈമാറി.
ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടാണ് ദയാബായി ഇന്നലെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവും ഇന്നലെ സമരക്കാരുമായി ചർച്ച നടത്തി. എൺപത് വയസ്സിലധികം പ്രായമുള്ള ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നടത്തിവരുന്ന സമരം 15-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ.