മുംബൈ: ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്ത 13 പേരിൽ 2 പെൺകുട്ടികളും. പിടിയിലായ 2 യുവതികളും ഡൽഹി സ്വദേശികളാണെന്നാണ് വിവരം. ഇവർ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോർട്ടുകളുണ്ട്.
മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു.

പിടിയിലായ ആര്യൻ ഖാൻ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ എൻസിബി സംഘം പരിശോധിക്കുകയാണ്. പാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ പണംമുടക്കിയിരുന്നില്ലെന്നും താരപുത്രനെ റേവ് പാർട്ടിയിലേക്ക് സംഘാടകർ അതിഥിയായി നേരിട്ട് ക്ഷണിച്ചതായാണ് വിവരം. റേവ് പാർട്ടിയുടെ സംഘാടകരെയും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.
അതേസമയം ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡേലിയ ക്രൂയിസ് അധികൃതർ പ്രതികരിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ യാത്ര അല്പം വൈകിയെന്നും കോർഡേലിയ ക്രൂയിസ് സി.ഇ.ഒ പറഞ്ഞു.