മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിന് മുൻപ് വാങ്കഡെയ്ക്ക് നോട്ടീസ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിന് മൂന്ന് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണത്തിൽ മുംബൈ പോലീസ് നടത്തുന്ന അന്വേഷണം സിബിഐക്കോ, എൻഐഎയ്ക്കോ വിടണമെന്ന് ആവശ്യപ്പെട്ട് സമീർ വാങ്കഡെ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വാങ്കഡെയുടെ ഹർജിയിൽ കോടതി മുംബൈ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് കേന്ദ്ര ഏജൻസികൾക്ക് വിടരുതെന്നും, അറസ്റ്റിന് മുൻപ് നോട്ടീസ് നൽകാമെന്നും മുംബൈ പോലീസ് കോടതിയെ അറിയിച്ചിരുന്നു.
