മനാമ: ബഹ്റൈൻ സ്മാർട്ട് സിറ്റി സമ്മിറ്റ് 2023ന്റെ ആറാമത് പതിപ്പിന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സർക്കാർ, സ്വകാര്യ ഏജൻസികളുടെയും സാങ്കേതികവിദ്യ, സുസ്ഥിരത, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലെ അന്താരാഷ്ട്ര വിദഗ്ധ കമ്പനികളുടെയും പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ 10 പാനൽ സെഷനുകളിലായി 40 പ്രാസംഗികരും വിദഗ്ധരും, സുസ്ഥിര സ്മാർട്ട് സിറ്റികളെ യാഥാർത്ഥ്യമാക്കി മാറ്റുന്നതിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും 250 ഓളം പ്രതിനിധികളും പങ്കെടുത്തു.
സ്മാർട്ട് ബിൽഡിംഗുകൾ, ഡിജിറ്റൽ ട്വിനിംഗ്, സ്മാർട്ടും സുസ്ഥിരവുമായ കാർഷിക സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ പാനൽ സെഷനുകൾ അഭിസംബോധന ചെയ്തു. സ്മാർട്ട് സിറ്റികളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾക്ക് പുറമെ സ്മാർട്ട് സിറ്റികളിലെ സർക്കാർ ഏജൻസികളുടെ സംരംഭങ്ങളുടെ അവതരണവും ഉച്ചകോടിയിൽ അവതരിപ്പിച്ചു.