മനാമ: ബഹ്റൈനിൽ 2022 ഡിസംബർ 12 മുതൽ 2023 ഒക്ടോബർ പകുതി വരെയുള്ള കാലയളവിൽ മൊത്തം 5,63,723 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു. ഈ കാലയളവിൽ 3,891 പ്രവാസി തൊഴിലാളികൾ നിയമലംഘനം നടത്തിയതായും അദ്ദേഹം അറിയിച്ചു.
തൊഴിലുടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനാ കാമ്പെയ്നുകൾ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം തൊഴിൽ സ്ഥലങ്ങളിലേക്കുള്ള പരിശോധനാ സന്ദർശനങ്ങളിലൂടെ വർക്ക് പെർമിറ്റ് നൽകുന്നതിന്റെ തുടർന്നുള്ള മേൽനോട്ടം വഹിക്കുന്നതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. 2023-2026 വർഷത്തേക്കുള്ള നാഷണൽ ലേബർ മാർക്കറ്റ് പ്ലാൻ നടപ്പിലാക്കാൻ ശ്രമിക്കുന്നതായും അതോറിറ്റി അറിയിച്ചു.
നിയന്ത്രണം കൈവരിക്കുക, തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുക, നിഷേധാത്മകമായ പ്രതിഭാസങ്ങളിൽ നിന്ന് സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുക, വിദേശ തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമകളെ തടയുക, തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ നിയമപരമായ സംവിധാനങ്ങൾ സ്ഥാപിച്ചത്.
ആറാം നിയമനിർമ്മാണ കാലയളവിന്റെ തുടക്കം മുതൽ 2023 ഒക്ടോബർ പകുതി വരെയുള്ള കാലയളവിൽ ക്രമരഹിത തൊഴിലാളികളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ എണ്ണം സംബന്ധിച്ച്, തൊഴിലുടമകൾക്ക് 2,076 ലംഘനങ്ങളും വിദേശ തൊഴിലാളികൾക്ക് 3,634 ലംഘനങ്ങളും ഉണ്ടായതായി അതോറിറ്റി സൂചിപ്പിച്ചു. പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്ത നിയമലംഘനങ്ങളുടെ എണ്ണം 1,900 ആയി.