തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലും അനുബന്ധമായി കുട്ടികളിൽ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ പഠനവും മറ്റും വഴി വർദ്ധിച്ച് വരുന്ന നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നതിനും നേത്രാരോഗ്യത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനുമായി സംസ്ഥാനത്ത് നേത്ര സാക്ഷരത നടപ്പിലാക്കണമെന്ന് കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ 48 ാമത് വാര്‍ഷിക സമ്മേളനമായ ‘ദൃഷ്ടി 2021’ ആവശ്യപ്പെട്ടു. ഇതിനായി കൂടുതൽ ക്യാമ്പുകളും, അവബോധ ക്ലാസുകളും സംഘടിപ്പിക്കും.
സാധാരണയായി ഉണ്ടാകുന്ന നേത്രരോഗങ്ങൾക്ക് പുറമെ കോവിഡ് കാലത്ത് പഠനവും, ജോലിയും ഓൺലൈൻ ആയതിന് ശേഷം ഉണ്ടാകുന്ന ഡ്രൈനസ് ഉൾപ്പെടെയുള്ള അവസ്ഥയെക്കുറിച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കും കാര്യമായ അറിവുകളില്ല. ഇത് വരും കാലത്ത് നേത്രാരോഗ്യ രംഗത്ത് കൂടുതൽ വെല്ലുവിളിയാകും. അതിനെ മറികടക്കാൻ നേത്ര സാക്ഷരതയ്ക്ക് കഴിയുമെന്നും സമ്മേളനം വിലയിരുത്തി.
മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്ര സമ്മേളനത്തിൽ പ്രധാനപ്പെട്ട നേത്ര രോഗങ്ങളായ തിമിരം , ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, കുട്ടികളിൽ ഉണ്ടാകുന്ന നേത്ര രോഗങ്ങൾ, കോവിഡ് അനുബന്ധ നേത്രരോഗങ്ങൾ എന്നിവയ്ക്ക് പുറമെ, നേത്രരോഗ ചികിത്സയിലെ അത്യാധുനികവും, നൂതനവുമായ ചികിത്സ വിധികൾ , ഉപകരണങ്ങൾ, ശസ്ത്രക്രിയകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടക്കുകയും 200 ൽ പരം ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു.
സമ്മേളനത്തോട് അനുബന്ധിച്ച് 2021-22 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളായി ഡോ. അരൂപ് ചക്രവർത്തി (പ്രസിഡന്റ്, തിരുവനന്തപുരം) , ഡോ. ഗോപാൽ എസ് പിള്ള (ജനറൽ സെക്രട്ടറി, കൊച്ചി), ഡോ. ബിജു ജോൺ (ട്രഷറർ,തിരുവനന്തപുരം), ഡോ. ശ്രീനി ഇടക്കുളം (സയന്റിഫിക് കമ്മിറ്റി ചെയർമാൻ, കണ്ണൂർ), ഡോ. സ്മിതാ നാരായണൻ (ജേർണൽ എഡിറ്റർ,തിരുവനന്തപുരം) എന്നിവർ ചുമതലയേറ്റു.
