മനാമ: ബഹറിനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടികൾ കർശനമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനു ശേഷം ബഹ്റൈനിൽ മാസ്ക്കുമായി ബന്ധപ്പെട്ട് 4,735 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ സെക്യൂരിറ്റി പ്രസിഡൻസിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തുടരുന്നു. കോവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കർശന നടപടികൾ കൈകൊള്ളുന്നത്.
നോർത്ത് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,579 ലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,166 ലംഘനങ്ങളും മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 958 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 803 ലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻസ് ഡിപ്പാർട്ട്മെൻറ് 167 ലംഘനങ്ങളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പോർട്സ് സെക്യൂരിറ്റി 62 ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് -19 അണുബാധയ്ക്ക് വിധേയമാകുന്നതിൽ നിന്ന് സമൂഹത്തിന്റെയും അംഗങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട അധികാരികൾ നൽകിയ നിർദ്ദേശങ്ങളോടുള്ള പൗരന്മാരുടേയും താമസക്കാരുടേയും പ്രതിബദ്ധതയുടെ പ്രാധാന്യവും മാർക്കറ്റുകളിലും വാണിജ്യ സ്റ്റോറുകളിലും പാർക്കുകളിലും സാമൂഹിക അകലം കൈവരിക്കേണ്ടതിന്റെ ആവശ്യകതയും 5 ൽ കൂടുതൽ ആളുകൾ ഒത്തുചേരേണ്ടതില്ല എന്ന ബാധ്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് നിയമം ബാധകമാക്കുന്നതിനൊപ്പം ബോധവൽക്കരണ ക്യാമ്പെയ്നുകളും നടപ്പിലാക്കുന്നു. 2020 ഏപ്രിൽ 9 മുതലാണ് പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്.