തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന്, ജീവനക്കാരായ രണ്ട് യുവതികൾ 42.72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ ഡിവൈഎഫ്ഐ നേതാവും ഭര്‍ത്താവായ സിപിഎം നേതാവും ഒളിവില്‍. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവിൽ പോയത്. പ്രതിയായ കൃഷ്ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാർട്ടി അംഗവുമാണ് .കൃഷ്ണേന്ദുവിന്റെ ഭർത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായ അനന്തു ഉൾപ്പെടെ കൂടുതൽപേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പോലീസ് നൽകുന്ന സൂചന. അനന്തുവും ഒളിവിലാണ്. ഉദയംപേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോൾഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.
സെപ്റ്റംബറിൽ നാലുമുതൽ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂർത്തിയാകുന്നതിന് ദിവസങ്ങൾക്ക് മുമ്പേ കൃഷ്ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു. 2023 ഏപ്രിൽ മുതൽ ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു. കൃഷ്ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പ് നടത്തുന്ന കാലയളവിൽ കൃഷ്ണേന്ദു പാസ്പോർട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇടപാടുകാർ പണം നൽകിയത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തി, തെളിവുകൾ നശിപ്പിച്ചു.