ദില്ലി: ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ ടണലിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്നും തുടരുകയാണ്. ഓഗർ മെഷീൻ ബ്ലേഡ് ടണൽ പൈപ്പിൽ കുടുങ്ങിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ ഇപ്പോളേ്ഡ നിർത്തിവെച്ചിരിക്കുകയാണ്. മൂന്നാമത്തെ പൈപ്പിലാണ് ബ്ലേഡ് കുടുങ്ങിയത്. പൈപ്പിൽ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ബ്ലേഡ് മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം വെർട്ടിക്കൽ ഡ്രില്ലിംഗ് തുടങ്ങാൻ ആലോചന ആരംഭിച്ചിട്ടുണ്ട്. വനമേഖലയിൽ നിന്ന് ടണലിലേക്ക് ഡ്രില്ലിംഗ് തുടങ്ങാനാണ് ചർച്ച നടക്കുന്നത്. വെർട്ടിക്കൽ ഡ്രില്ലിംഗിനായി നേരത്തെ റോഡ് തയ്യാറാക്കിയിരുന്നു. ഇന്നലെ രണ്ടര മീറ്റർ മാത്രം പിന്നിട്ടപ്പോഴാണ് ഇരുമ്പ് കമ്പികളും സ്റ്റീൽ ഭാഗങ്ങളും തടസ്സമായത്. രക്ഷാദൗത്യം എപ്പോൾ തീരും എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. രക്ഷാദൗത്യത്തിൽ കൂടുതൽ സങ്കീർണതയാണ് വന്നുകൊണ്ടിരിക്കുന്നത്. കോൺക്രീറ്റിനിടയിലെ ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളുമാണ് രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ഇന്നലെ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. ഇന്ന് തന്നെ ദൗത്യം ഇന്ന് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ.
അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.