മനാമ: സംയുക്ത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ ബഹ്റൈൻ പോസ്റ്റ് അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ബഹ്റൈൻ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. നാല് ദീനാര്‍ വിലവരുന്ന എട്ട് സ്റ്റാമ്പുകളാണ് ബഹ്റൈനില്‍ പുറത്തിറക്കിയത്. ഒരു ദീനാറിന്റെ സ്മരണികക്കവറും ഉണ്ടായിരിക്കും. ബഹ്റൈന്‍ പോസ്റ്റിന്റെ മ്യൂസിയത്തിലും മുഴുവന്‍ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭിക്കുന്നതാണ്.
1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. ജി.സി.സി കൂട്ടായ്മ രൂപവത്കരണ സമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്പിലുള്ളത്. ബഹ്റൈനിലെ അന്തരിച്ച അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, മറ്റ് ജിസിസി നേതാക്കൾക്കൊപ്പം സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു. മറ്റു ജി.സി.സി രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്പുകൾ ഇറക്കും.