മനാമ: മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട 3,885 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും, 364 മോട്ടോർ ബൈക്കുകൾ കണ്ടുകെട്ടിയതായും, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ചുവന്ന സിഗ്നലുകൾ മറികടക്കുക, വേഗത പരിധി കവിയുക, നടപ്പാതകളിൽ വാഹനമോടിക്കുക, തെറ്റായ ഓവർടേക്കിംഗ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവ ഉൾപ്പെടുന്ന കുറ്റങ്ങൾക്കാണ് നടപടി എടുത്തത്. പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകളിൽ അധികവും ഭക്ഷ്യ ഡെലിവറി നടത്തുന്ന മോട്ടോർസൈക്കിളുകളാണ്.
ട്രാഫിക് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും മാനിക്കാൻ മോട്ടോർ സൈക്കിൾ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഒന്നിലധികം ഭാഷകളിൽ പ്രചാരണപരിപാടികൾ നടത്താൻ ട്രാഫിക് നടപടി സ്വീകരിച്ചു.
ഡെലിവറി സർവീസ് കമ്പനികളോടും വാണിജ്യ പദ്ധതികളുടെ ഉടമകളോടും അവരുടെ മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന ജീവനക്കാരോട് അവരുടെ സുരക്ഷയ്ക്കും റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷക്കും വേണ്ടി നിയമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.