കൊല്ലം: ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വീണ് ബസ് യാത്രികർക്ക് പരിക്കേറ്റതായി പരാതി. ഗർഭിണി ഉൾപ്പെടെ മൂന്ന് പേരാണ് അതിവേഗത്തിൽ പാഞ്ഞ ബസിനുള്ളിൽ വീണത്. ബസിന്റെ മരണപ്പാച്ചിലിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. പൊലീസെത്തി ബസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ സമയത്തെ ചൊല്ലി തർക്കിച്ചെന്നും മത്സരയോട്ടത്തിനിടെ ബസിനുള്ളിൽ ഉണ്ടായിരുന്നവർ തെറിച്ചു വീണെന്നുമാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർ ബഹളം വെച്ചതോടെ തടിച്ചുകൂടിയ നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റി ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.