മനാമ: എണ്ണ ചോർച്ച, ശുദ്ധമായ സമുദ്രങ്ങൾ, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ നടന്നു. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സുസ്ഥിരവും ശുദ്ധവുമായ സമുദ്രങ്ങൾ എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. 20 ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500-ലധികം പങ്കാളികളും 60 അന്താരാഷ്ട്ര പ്രാസംഗികരും 30 കമ്പനികളും കോൺഫറൻസിൽ പങ്കെടുത്തു. എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുക, അറിവും അനുഭവങ്ങളും കൈമാറുക, എണ്ണ ചോർച്ചയിലും പരിസ്ഥിതി സംരക്ഷണത്തിലും മികച്ച രീതികൾ അവലോകനം ചെയ്യുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.
മലിനീകരണങ്ങളില്ലാത്ത വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതിനൊപ്പം, പരിസ്ഥിതി വിജ്ഞാനത്തിലും വികസന സംവിധാനത്തിലും നല്ല ഫലം നൽകുന്ന ഇത്തരം പ്രത്യേക കോൺഫറൻസുകൾക്ക് പിന്തുണ നൽകാനുള്ള രാജ്യത്തിന്റെ താൽപ്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുസ്ഥിരവും ശുദ്ധവുമായ സമുദ്രങ്ങൾ, പ്രതികരണവും പൊരുത്തപ്പെടുത്തലും, ക്രൈസിസ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ മാനേജ്മെന്റ്, എണ്ണ ചോർച്ച നിയന്ത്രിക്കുന്നതിൽ നേതൃത്വത്തിന്റെ പങ്കും സ്വാധീനവും തുടങ്ങിയ സമ്മേളനം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണച്ചോർച്ച നേരിടാൻ നൂതനവും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്താൻ ബഹ്റൈനികൾക്ക് അവസരം നൽകുന്നതാണ് കോൺഫറൻസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.