റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അയൽ ജില്ലയായ സുക്മയിൽ ഐഇഡി സ്ഫോടനത്തിൽ രണ്ടു ജവാൻമാർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ശനിയാഴ്ച രാവിലെ എട്ടരയോടെ ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ നക്സൽ വിരുദ്ധ ഓപ്പറേഷനു പോകുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ്.പി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തമിഴും താമരപ്പൂവും: 400 സീറ്റെന്ന എൻഡിഎ ലക്ഷ്യത്തിനു വെല്ലുവിളിയാകുന്ന തമിഴ്നാട്
ബിജാപുർ, ദന്തേവാഡ, സുക്മ ജില്ലകൾ മാവോയിസ്റ്റ് കോട്ടകളായാണ് കണക്കാക്കപ്പെടുന്നത്. തലസ്ഥാനമായ റായ്പുരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള പിഡിയ ഗ്രാമത്തിനു സമീപമുള്ള വനം സുരക്ഷാസേന വളയുന്നതിനിടെയാണ് നക്സലൈറ്റുകൾ വെടിയുതിർത്തത്. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവയ്പ്പിനു കാരണമായി. രണ്ടു നക്സലൈറ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു മാവോയിസ്റ്റുകൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഐജി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഇതേ ഓപ്പറേഷന്റെ ഭാഗമായി ദന്തേവാഡ-സുക്മ അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ബസ്തർ ഫൈറ്റേഴ്സിലെ രണ്ട് ജവാന്മാർക്ക് പരിക്കേറ്റത്. ബസ്തർ ഫൈറ്റേഴ്സിലെ ദന്തേവാഡയിലെ കോൺസ്റ്റബിൾമാരായ വികാസ് കുമാർ കർമ്മ, രാകേഷ് കുമാർ മർകം എന്നിവർക്കാണ് പരുക്കേറ്റത്.