
കൊല്ലം: കൊല്ലം മയ്യനാട് വേദനസംഹാരി ഗുളികകൾ ലഹരിക്കായി വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ പിടിയിലായി. മയ്യനാട് വലിയവിള സ്വദേശികളായ അലക്സാണ്ടറും ഫ്രാൻസിസുമാണ് പിടിയിലായത്. പോത്തു വളർത്തലിന്റെ മറവിലായിരുന്നു കച്ചവടം. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട് എന്ന സ്ഥലത്ത് മതിൽ കെട്ടി തിരിച്ച് രണ്ട് പോത്തുകളെ വളർത്തിയിരുന്നു. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ താമസക്കാരനാണ് സ്ഥലം വാങ്ങി പോത്തുകളെ വളർത്തിയത്. ഇതിൻ്റെ മറവിലായിരുന്നു ലഹരിക്ക് വേണ്ടിയുള്ള വേദനസംഹാരി ഗുളികകളുടെ വിൽപന. പുരയിടത്തിൽ നിന്ന് ഗുളികകളുടെ വൻ ശേഖരം പൊലീസ് പിടികൂടി. ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന വേദന സംഹാരികൾ അടക്കമാണ് വിറ്റിരുന്നത്. സുനാമി ഫ്ലാറ്റിലെ ഫ്രാൻസിസും അലക്സാണ്ടറുമാണ് വിതരണക്കാർ. പോത്തുകളെ പരിപാലിക്കാൻ എന്ന പേരിൽ ഇരുവരും ഇവിടെ എത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. ഏറെ നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് ഫ്രാൻസിസും അലക്സാണ്ടറും വലയിലാക്കിയത്. അനന്തു കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.


