
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 508 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.
ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.
പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.


