ബംഗലൂരു: കര്‍ണാടകയില്‍ നന്ദി ഹില്‍സിലെ പാറക്കെട്ടില്‍ കുടുങ്ങിയ 19 കാരനെ വ്യോമസേന സാഹസികമായി രക്ഷപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥിയായ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് വ്യോമസേനയും ചിക്കബെല്ലാപ്പൂര് പൊലീസും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.
ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. യുവാവ് എങ്ങനെയാണ് പാറക്കെട്ടിലേക്ക് വീണതെന്ന് വ്യക്തമല്ല. അപകടത്തില്‍ നിഷാങ്കിന് പുറകില്‍ പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ വിവരം ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് നിഷാങ്കിനെ രക്ഷിച്ചത്.
യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. അടുത്തിടെയാണ് മലമ്ബുഴ കുമ്ബാച്ചിമലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കരസേന രക്ഷപ്പെടുത്തിയത്.
