ലക്നൗ: ബൈക്കിന് പിന്നിലിരുന്ന യുവാവ് ഷാളിൽ പിടിച്ചുവലിച്ചതിനെത്തുടർന്ന് റോഡിൽ വീണ പതിനേഴുകാരി മറ്റൊരു ബൈക്കിടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന പൂജ എന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സൈക്കിളിലാണ് പൂജ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോയത്. കൂട്ടുകാരികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ ബൈക്കിലെത്തി. ഇതിൽ പിന്നിലിരുന്നയാൾ പൂജയുടെ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട പെൺകുട്ടി സൈക്കിൾ സഹിതം താഴേക്ക് വീണു. തൊട്ടുപുറകേ എത്തിയ മറ്റൊരുബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
പൂജയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു.ഷഹബാസ്, ഫൈസൽ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഹബാസിനും ഫൈസലിനും മുട്ടിന് താഴെ വെടിയേറ്റിട്ടുണ്ട്. രക്ഷപ്പെടുന്നതിനിടെ മൂന്നാമന് വീണുപരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.സി സി ടി വി ദൃശ്യങ്ങളുടെയും നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.