മനാമ: ബഹ്റൈനിൽ രണ്ടാഴ്ച നീണ്ടുനിന്ന ഭക്ഷ്യമേള വൻ വിജയമായതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. മറാസിയിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 1,68,000 പേരാണ് പങ്കെടുത്തത്. മേളയിൽ ബഹ്റൈനിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്തമായ ഭക്ഷ്യ വിഭവങ്ങളുടെയും സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്.
ഉത്സവാന്തരീക്ഷവും വൈവിധ്യമാർന്ന കലാപരിപാടികളുമുള്ള ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ എല്ലാ പ്രായത്തിലും അഭിരുചിയിലുമുള്ള ഭക്ഷണപ്രിയർക്കുള്ള മികച്ച വിനോദ പരിപാടിയാണ്. സ്വദേശികൾ, വിദേശികൾ, ടൂറിസ്റ്റുകൾ തുടങ്ങി നിരവധി പേരെ ആകർഷിക്കുന്ന തരത്തിലാണ് പരിപാടികൾ ഒരുക്കിയിരുന്നത്. ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കി. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ റസ്റ്റാറന്റുകളുടെയും കോഫിഷോപ്പുകളുടെയും സാന്നിധ്യം ഫെസ്റ്റിവലിന് മാറ്റുകൂട്ടി.
ഭക്ഷണത്തിനു പുറമേ, ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലകളെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്തിന്റെ ടൂറിസം സൗന്ദര്യം ഉയർത്തിക്കാട്ടാനും ഹോട്ടൽ സ്ഥാപനങ്ങളിലെ താമസ നിരക്ക് വർധിപ്പിക്കാനും ഫെസ്റ്റിവൽ സഹായിച്ചിട്ടുണ്ട്.