പതിനാറുകാരിയെ വസ്ത്രം വലിച്ച് കീറി നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന് പിടിയിലായി. കടത്തുരുത്തി കോതനല്ലൂരിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടില്‍ നടന്ന കുടുംബ വഴക്കിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയ ശേഷം രണ്ടാനച്ഛന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഓടിരക്ഷപ്പെട്ട പെണ്‍കുട്ടിക്ക് അടുത്ത വീട്ടിലെ സ്ത്രീയാണ് വസ്ത്രം നല്‍കിയത്. വഴക്കിനിടെ രണ്ടാനച്ഛന്റെ ആദ്യ ബന്ധത്തിലുണ്ടായ 14 വയസുകാരനായ മകനും മര്‍ദ്ദനമേറ്റിരുന്നു. മദ്യപിച്ചെത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാവുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. അമ്മയെ തല്ലുന്നത് കണ്ട് തടയാന്‍ ചെന്ന പതിനാറുകാരിയെയും പ്രതി ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പെണ്‍കുട്ടിയെ തല്ലുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് 14കാരനായ മകനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിയെ കടത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.