
കൊച്ചി: 15,000 കോടി വില വരുന്ന മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ ഇറാൻ പൗരൻ സുബൈർ കുറ്റക്കാരനല്ലെന്ന് കോടതി. പാകിസ്താൻ പൗരനെന്ന് സംശയിച്ചാണ് ഇയാളെ പിടികൂടിയിരുന്നത്. രാജ്യത്തെ ഞെട്ടിച്ച മയക്കുമരുന്ന് കേസിലെ പ്രതിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായിരുന്നു ഇറാൻ പൗരനായ സുബൈർ ഉൾപ്പെട്ട സംഭവം. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. വലിയ കപ്പലുകളിൽ കൊണ്ടുവന്ന ശേഷം ചെറിയ ബോട്ടുകളിലേക്ക് മാറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്.പിടിയിലായ സുബൈർ പാകിസ്താൻ പൗരനാണെന്ന വാദമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ഇറാൻ പൗരനാണ് താനെന്ന സുബൈറിന്റെ വാദം കോടതി അംഗീകരിച്ചു. കൂടാതെ അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ വലിയ വീഴ്ചകൾ സംഭവിച്ചു. മയക്കുമരുന്ന് പിടികൂടുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ അനുസരിക്കുന്നതിൽ അന്വേഷണസംഘത്തിന് പാളിച്ചകൾ സംഭവിച്ചതും പ്രതിയെ വെറുതെവിടുന്നതിലേക്ക് എത്തിച്ചു.2023 മേയ് 13-നാണ് കൊച്ചി പുറംകടലിൽ 2500 കിലോ മെത്താംഫെറ്റമിൻ പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള മെത്താംഫെറ്റമിൻ 134 ചാക്കുകളിൽ 2800 ഡബ്ബകളിൽ അടുക്കിയ നിലയിലായിരുന്നു. ഇറാനിലെ മക്രാൻ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇന്ത്യയിലെ സമുദ്രമേഖല വഴിയുള്ള സഞ്ചാരത്തിനിടെയാണ് പിടിയിലായത്. എൻ.സി.ബിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാവികസേന കപ്പൽ വളയുകയായിരുന്നു.
