തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയപ്പോൾ പനത്തുറ പൊഴിയിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ
പതിനാലുകാരൻ മുങ്ങിമരിച്ചു. അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് മരിച്ചത്. തിരുവല്ലം ഇടയാറിൽ തൈക്കുട്ടത്ത് ശ്രീക്കുട്ടിയാണ്(17) പൊഴിയിൽ മുങ്ങിത്താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം. അമ്പലത്തറയിലെ വീട്ടിൽനിന്നും തിരുവല്ലം ഇടയാർ തയ്ക്കൂട്ടം വീട്ടിൽ താമസിക്കുന്ന അമ്മയെയും ബന്ധുക്കളെയും കാണാനെത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയുടെ അമ്മ സരിത, അയൽവാസികളും ബന്ധുക്കളുമായ ഷീജ, കുട്ടികളായ സ്വാതി, ശ്രുതി, സൂരജ് എന്നിവരും നന്ദന എന്ന യുവതിയുമടക്കമാണ് പൊഴിക്കരയിലെത്തിയത്. ശ്രീക്കുട്ടി പൊഴിയിലേക്ക് ഇറങ്ങിയപ്പോൾ താഴ്ന്നുപോകുകയായിരുന്നു.
സംഭവം കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ താഴ്ന്നുപോയി. ഇതോടെ ഭീതിയിലായ ഇവർ നിലവിളിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന നന്ദന തൊട്ടകലെ നിന്നവരെ വിളിച്ചുവരുത്തി. അവരെത്തി ശ്രീക്കുട്ടിയെ കരയിലേക്ക് വലിച്ച് കയറ്റി. തുടർന്ന് നടത്തിയ തിരച്ചിൽ ശ്രീഹരിയെ കണ്ടെത്തിയെങ്കിലും അവശനിലയിലായിരുന്നു. വള്ളത്തിൽ കയറ്റി കരയിലെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൂന്തുറ പോലീസ് സ്ഥലത്തെത്തി.
വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശ്രീഹരി. ഏകസഹോദരി ശ്രീലക്ഷ്മി. പൂന്തുറ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.