നിലമ്പൂർ: 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 16 വർഷവും മൂന്നുമാസവും കഠിന തടവും 65,000 രൂപ പിഴയും വിധിച്ച് കോടതി. അമരമ്പലം കൂറ്റമ്പാറ സ്കൂൾപടിയിലെ പനോളാൻ അബ്ദുൽ മുജീബ് എന്ന കുയിൽ മുജീബിനെ(44) ആണ് കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും അഞ്ചുമാസവും കൂടി സാധാരണ തടവ് അനുഭവിക്കണം. പിഴയടച്ചാൽ അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു.
2016 ഫെബ്രുവരി 13-നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പാണ്ടിക്കാട് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.എം. ദേവസ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി. സജീവന് ആണ്.
പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.