മലപ്പുറം: പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമ പരിരക്ഷയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു മർദ്ദനം.
പറമ്പിൻ്റെ ഉടമസ്ഥൻ കുട്ടിയെ ബൈക്കിൽ ഇടിച്ച് വീഴ്ത്തുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. കാലിലെ എല്ലൊടിഞ്ഞ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. ബന്ധുക്കൾ ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.