പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ വീണ്ടുംവിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും.
ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.