മനാമ: 1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി. നവംബർ 20ന് നൂറോളം തടവുകാരെ റെയിൽവേയുടെ 1711-ആം നമ്പർ വാഗണിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂർക്ക് അയച്ചു. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ മണിക്കൂറുകൾ നാണ്ട യാത്രയായിരുന്നു. പുലർച്ചെ തമിഴ്നാട്ടിലെത്തിയപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.
വാഗൺ ദുരന്തത്തിൻറെ 100 വാർഷികത്തോടനുബന്ധിച്ചു തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ഹാളിൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തിരൂരിൽ പഠിച്ചു വളർന്ന ബഹ്റൈനിലെ പ്രശസ്ത ഫോട്ടോഗ്രാഫർ നൂർ മുഹമ്മദ് , സാമൂഹിക പ്രവർത്തകനായ ഫസൽ ഉൽ ഹഖ് ഉൾപ്പടെയുള്ളവർ വാഗൺ ട്രാജഡിയിൽ മരണപ്പെട്ട വീര യോദ്ധാക്കൾക്കായി പ്രത്യേക പ്രാർത്ഥനയും അവരെ അനുസ്മരിച്ചുകൊണ്ട് വൃക്ഷതൈകളും നട്ടു.
