തിരുവനന്തപുരം: ജലജീവൻ മിഷൻ വഴി സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ പ്രതിവർഷം 10.75 ലക്ഷം കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചുവർഷം കൊണ്ട് 53.19 ലക്ഷം കണക്ഷനാണ് നൽകുന്നത്. കഴിഞ്ഞ വർഷം ലഭ്യമാക്കിയതിന്റെ രണ്ടിരട്ടി കണക്ഷനുകൾ ഈ വർഷം കൊടുത്തുതീർക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ പദ്ധതി സംസ്ഥാനതല ശില്പശാലയും നിർവഹണസഹായ ഏജൻസികളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജലജീവൻ മിഷൻ വഴി വലിയ തോതിൽ കുടിവെള്ള കണക്ഷനുകൾ കൊടുത്തു തീർക്കാൻ പഞ്ചായത്തുകളാണ് മുൻകയ്യെടുക്കേണ്ടത്. ജലജീവൻ മിഷൻ പദ്ധതിയിൽ കൂടുതൽ പ്രാധാന്യം പഞ്ചായത്തുകൾക്കാണ്. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളമെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ ഒരു വ്യക്തിക്ക് ദിനംപ്രതി 55 ലിറ്റർ ജലം ലഭ്യമാക്കാനാനു നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും കേരളത്തിൽ ഒരു വ്യക്തിക്ക് പ്രതിദിനം 100 ലിറ്റർ നൽകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ജലവിതരണ ശൃംഖലകൾ പരിഷ്കരിക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമമാണ് ജലജീവൻ മിഷനിലൂടെ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വീടുകളുടെ എണ്ണവും ജലസ്രോതസ്സുകളും ജലലഭ്യതയും പരിശോധിച്ച് കുടിവെള്ള വിതരണത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കുടിവെള്ള വിതരണത്തിന് ആവശ്യമായ ജല സ്രോതസ്സില്ലാത്ത പഞ്ചായത്തുകളിലേക്ക്, ജലലഭ്യത കൂടുതലുള്ള പഞ്ചായത്തുകളിൽ നിന്നു കുടിവെള്ളമെത്തിക്കാൻ മാസ്റ്റർ പ്ലാൻ സഹായിക്കും. ജലക്ഷാമം കൂടുതലുള്ള പ്രദേശങ്ങൾക്കു മുൻഗണന നൽകി പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
സമ്പൂർണ സാക്ഷരതയെന്നത് കേരളത്തിന് അഭിമാനമുദ്രയായതു പോലെ സമ്പൂർണ കുടിവെള്ള ലഭ്യത നേടിയെടുക്കാനാണ് അടുത്ത പരിശ്രമം നടത്തേണ്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലജീവൻ മിഷന്റെ സുപ്രധാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള സമയമാണിത്.
ശുദ്ധമായ കുടിവെള്ളം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ജലജീവൻ മിഷൻ പദ്ധതിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തുകളുടേതാണെന്നും മന്ത്രി വ്യക്തമാക്കി. ജല അതോറിറ്റിയും ഭൂജല വകുപ്പും ജലനിധിയുമൊക്കെ നിർവഹണ ഏജൻസികൾ മാത്രമാണ്. പഞ്ചായത്തുകൾക്കാണ് പൂർണമായും നിർണയ അധികാരം. പഞ്ചായത്തുകളുടെ തെറ്റിദ്ധാരണകളും സംശയങ്ങളും പരിഹരിക്കുന്നതിന് തദേശ സ്വയം ഭരണ വകുപ്പും ജലവിഭവ വകുപ്പും കൂട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മൈക്രോ പദ്ധതികൾ വഴി വലിയ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാനാവില്ല. അതിനാൽ ശുദ്ധജലത്തിനായി കരുതൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലജീവൻ മിഷൻ ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജു മോഹൻ,കെ ആർ ഡബ്ല്യൂഎസ് എയുടെ ഡയറക്ടർമാരായ എസ് ഹാരിസ് , എം. പ്രേംലാൽ , ഡെപ്യൂട്ടി ഡയറക്ടർ പി.വി. ലാലിച്ചൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ എസ്. സുചിത്ര, ഐഎസ് പ്ലാറ്റ്ഫോം ഭാരവഹികളായ ടി. കെ. തുളസീധരൻ പിള്ള , റഷീദ് പറമ്പൻ, സജി സെബാസ്റ്റ്യൻ, ഡാന്റീസ് കൂനാനിക്കൽ, പി പി തോമസ്, കെ വി ഷാജി, ആന്റണി കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലജീവൻ മിഷൻ ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജു മോഹൻ,കെ ആർ ഡബ്ല്യൂഎസ് എയുടെ ഡയറക്ടർമാരായ എസ് ഹാരിസ് , എം. പ്രേംലാൽ , ഡെപ്യൂട്ടി ഡയറക്ടർ പി.വി. ലാലിച്ചൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ എസ്. സുചിത്ര, ഐഎസ് പ്ലാറ്റ്ഫോം ഭാരവഹികളായ ടി. കെ. തുളസീധരൻ പിള്ള , റഷീദ് പറമ്പൻ, സജി സെബാസ്റ്റ്യൻ, ഡാന്റീസ് കൂനാനിക്കൽ, പി പി തോമസ്, കെ വി ഷാജി, ആന്റണി കുന്നത്ത് എന്നിവർ പ്രസംഗിച്ചു.