കോട്ടയം: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂപ. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സംസ്ഥാനത്തിന്റെ കേന്ദ്രവിരുദ്ധ സമരം. പ്രതിനിധികളുടെ താമസത്തിനായി 1,37,650 രൂപ ചെലവായതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് മറുപടി നൽകി. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വിനീത് തോമസിന്റെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
എന്നാൽ സമരത്തിന് ആകെ ചെലവായ തുക എത്ര, ജന്തർമന്തിറിൽ ഒരുക്കിയ സമരപ്പന്തലിന് എത്ര രൂപയായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയാറായില്ല. സമരത്തിനെത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമാനക്കൂലി സ്വന്തം ചെലവിൽ വഹിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. അതേസമയം, കേരളഹൗസിൽ ഉൾക്കൊള്ളാവുന്നതിൽ അധികം പ്രതിനിധികൾ ഉണ്ടായിരുന്നുവെന്നും പുറത്തും താമസസൗകര്യം കണ്ടെത്തേണ്ടി പ്രതിനിധികളെ താമസിപ്പിക്കേണ്ടി വന്നതിനാലാകാം ഇത്രയും തുക ചെലവായതെന്നും മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.
അതേസമയം, കേന്ദ്രസഹായങ്ങൾ നേടിയെടുക്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിച്ച എ.സമ്പത്ത്, കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിച്ചിരുന്ന വേണു രാജാമണി, ഇപ്പോഴത്തെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് എന്നിവരുടെ പ്രവർത്തനം മൂലം സംസ്ഥാന സർക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിനു ‘ലഭ്യമല്ല’ എന്നാണ് കേരള ഹൗസിന്റെ മറുപടി. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം ഇവർ വഴി ലഭിച്ചോ അതിന്റെ രേഖകൾ ഓഫിസിലുണ്ടോയെന്ന ചോദ്യത്തിനും ‘ലഭ്യമല്ല’ എന്ന മറുപടി ആവർത്തിച്ചു.