കുവൈറ്റ് : കുവൈത്തിലേക്ക് തൊഴിൽതേടി വരുന്നവർ ചതിയിൽപ്പെടാതിരിക്കാൻ റിക്രൂട്ടിങ് ഏജൻസികളുടെയും തൊഴിൽ ദാതാക്കളുടെയും പട്ടിക ഇൻഡ്യൻ എംബസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശ്വാസയോഗ്യമല്ലാത്ത ഏജൻസികളെയും തൊഴിലുടമകളെയും ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. മുംബൈ, ചെന്നൈ, ഡൽഹി എന്നിവടങ്ങളിൽ നിന്നുള്ള 18 ഏജൻസികളെയാണ് എംബസ്സി കരിമ്പട്ടികയിൽപ്പെടുത്തിയത്. തൊഴിൽതേടി കുവൈത്തിലേക്ക് വരുന്നവർ താഴെപ്പറയുന്ന ഏജൻസികളെ ഒഴിവാക്കണമെന്നാണ് എംബസ്സി നിർദേശം
മുംബൈ ആസ്ഥാനമായ എസ്.ജി ട്രാവൽ ഏജൻസി, അമേസിങ് എൻറർപ്രൈസസ്, ഗ്ലോബൽ സർവിസസ് എന്നിവയും ഡൽഹിയിലെ എസ്.എഫ് ഇൻറർനാഷനൽ ഡൽഹി, എൻ.ഡി എന്റെർപ്രൈസസ്, സാറ ഓവർസീസ്, യു.എസ് ഇൻറർനാഷനൽ, സബ ഇൻറർനാഷനൽ ടൂർ ആൻഡ് ട്രാവൽസ്, എം.ഇ.എക്സ് കൺസൽട്ടൻറ്, ജാവ ഇൻറർനാഷനൽ, സ്റ്റാർ ഇൻറർനാഷനൽ തുടങ്ങിയവയും ചെന്നൈയിലുള്ള ഐ.ക്യു എജുക്കേഷനൽ അക്കാദമി, പാറ്റ്നയിലെ സ്റ്റാർ എൻറർപ്രൈസസ്, ഇൻറർനാഷനൽ എച്ച്.ആർ കൺസൽട്ടൻറ്, എസ്.എം.പി സർവിസസ് ലക്നൗ, സെറ്റിൽ ഇൻറർനാഷനൽ സിറാക്പൂർ എന്നിവയാണ് കരിമ്പട്ടികയിൽപെട്ടത്.
കുവൈത്തിലുള്ള 92 സ്ഥാപനങ്ങളുടെയും സ്പോൺസർമാരുടെയും പട്ടിക എംബസ്സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറൽ ട്രേഡിങ് കമ്പനി മുതൽ ബുക്ക് ഷോപ്പ് വരെയുള്ള സ്ഥാപനങ്ങളിൽ ഇന്ത്യക്കാർ ജോലിക്ക് ശ്രമിക്കരുതെന്നു എംബസ്സി നിർദേശിച്ചു.