കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകരായ 4 വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിച്ചു.
രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥി എം.കെ. തേജു സുനിൽ, മൂന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥി ടി.കെ. തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി ആർ.പി. അമൽ രാജ്, രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് എസ്. സന്തോഷ് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്.
അന്വേഷണ കമ്മീഷൻ മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. കോളേജ് കൗൺസിൽ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്നു മുതൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമുണ്ടായത്. ഇത്തരം ചെയ്തികൾ ആവർത്തിക്കരുതെന്ന് ഇവർക്ക് കർശന നിർദേശം നൽകിയതായി കോളേജ് അധികൃതർ അറിയിച്ചു.
ജൂലൈ ഒന്നിന് ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി എസ്.എഫ്.ഐ. പ്രവർത്തകരും കോളേജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് ബി.ആർ. അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും ആരോപണമുയർന്നിരുന്നു. അധ്യാപകൻ കെ.പി. രമേശനും മർദനമേൽക്കുകയുണ്ടായി.